ശ്രീ. ഒ.എൻ.വിയുടെ ‘അമീ കവി’ എന്ന പുസ്തകം മലയാളഭാഷയ്ക്ക് ഒരു പുതിയഭാവം നല്കിയതായി മുൻ ചീഫ് സെക്രട്ടറിയും ഇപ്പോൾ തുഞ്ചൻ മലയാള സർവ്വകലാശാലയുടെ വി.സി.യുമായ ശ്രീ. കെ. ജയകുമാർ പറഞ്ഞു. പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പ്രസ്തുത കൃതിയുടെ പ്രകാശനച്ചടങ്ങിൽ ആദ്ധ്യക്ഷ്യം വഹിച്ചുകൊണ്ട് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീമതി സുഗതകുമാരി എഴുത്തുകാരൻ ശ്രീ. സി. രാധാകൃഷ്ണന് പുസ്തകം നല്കി പ്രകാശനം കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ സുഗതകുമാരിയും സി. രാധാകൃഷ്ണനും പുസ്തകത്തെപ്പറ്റി വിശദമായി സംസാരിച്ചു.

മറുമൊഴിയിൽ മനുഷ്യനെ മനുഷ്യനായിത്തന്നെ കാണണമെന്നും അല്ലാതെ ദൈവമാക്കരുതെന്നും പറഞ്ഞ ഒ. എൻ.വി. ടാഗോറിനോട് വർഷങ്ങളായുള്ള ആദരവും ബഹുമാനവുമാണ് തന്റെ പുസ്തകരചനക്ക് പ്രേരണയായതെന്ന് വിശദീകരിച്ചു. ചടങ്ങിൽ ശ്രീ. സി.പി. നായർ, ശ്രീ. എൻ.ഇ. ബാലകൃഷ്ണമാരാർ, ശ്രീ. എൻ. ഇ. മനോഹർ എന്നിവർ സംസാരിച്ചു. തുടർന്ന് അബദ്രിതാ ബാനർജിയും  അപർണയും ചേർന്ന് ആലപിച്ച രവീന്ദ്രസംഗീതം സദസ്സിന് ഏറെ ആസ്വാദ്യകരമായി.